ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ  വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷംമുതൽ ഓൾ പാസ് സമ്പ്രദായം നിർത്തി മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭഗമായണിത്.

ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2024 മെയ്‌ 28-ന് എസ് സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി. 


അക്കാദമിക മികവ് ഉയർത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നത് ഉറപ്പുവരുത്തേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകി ആ വിഷയത്തിൽ പുന:പരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാവുന്നതുമാണെന്നും നിർദ്ദേശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
 ഈ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും ജില്ലാതല കോൺക്ളേവ് സംഘടിപ്പിക്കും. ഡി ഇ ഒ, എ ഇ ഒ തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണാ കമ്മിറ്റികൾ രൂപവൽക്കരിക്കും. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പിടിഎ അധികൃതർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ,അധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും. ഏതെങ്കിലും വിദ്യാർത്ഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. ഒരു കുട്ടി പോലും പരാജയപ്പെടുക എന്നത് അജണ്ടയിൽ ഇല്ല. മറിച്ച് എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment