വിദ്യാര്‍ഥി-യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 500 കോടി

സംസ്ഥാനത്തെ വിദ്യാര്‍ഥി-യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍, ബജറ്റില്‍ ഓരോ വകുപ്പിനും അനുവദിക്കുന്ന വിഹിതത്തിന്റെ ഒരു ശതമാനം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇപ്പോഴത്തെ നിലയ്ക്ക് ഇത് 500 കോടിയിലധികം രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. എമര്‍ജിങ് കേരളയിലാണ് ഇത് സംബന്ധിച്ച ആലോചന തുടങ്ങിയത്.

വിദ്യാര്‍ഥികളായ സംരംഭകര്‍ക്കും യുവസംരംഭകര്‍ക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ജനവരി 15 ന് ടെക്‌നോപാര്‍ക്കില്‍ ഇതിനായി വിളിച്ച യോഗത്തില്‍ 298 കോളേജില്‍ നിന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ നിന്ന് ആയിരത്തോളം ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഐ.ടിക്ക് പുറമേ കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏത് മേഖലയിലേയും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത അഞ്ച് യുവാക്കളെ സിലിക്കണ്‍വാലിയില്‍ അയച്ചിരുന്നു. അവിടെ രണ്ടാഴ്ച ചെലവഴിച്ച് തിരിച്ചെത്തിയ അവരെ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തി. അനുഭവങ്ങള്‍ പങ്കുവെച്ച അവര്‍ അവിടന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പരിശോധിക്കും. വിജിത്ത്, ജിബില്‍, അരവിന്ദ്, ജിതിന്‍, ആകാശ് എന്നീ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് സിലിക്കണ്‍വാലിയില്‍ പോയിവന്നത്.

ഇവരെ കൂടാതെ പരമ്പരാഗത വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ആറു യുവാക്കളെയും മന്ത്രിസഭായോഗത്തില്‍ വിളിച്ചിരുന്നു. കൈത്തറി രംഗത്ത് ചുരുങ്ങിയ സമയംകൊണ്ട് നേട്ടമുണ്ടാക്കിയ റഷീദ്, ആഷിക്, ആന്‍േറാ, ശ്യാംകൃഷ്ണ, ഷിഹാബ്, സംഗീത് എന്നിവരാണവര്‍. അവരുടെ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു.

മന്ത്രിസഭായോഗത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ. യുവാക്കളായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിത്. അവരുടെ കാഴ്ചപ്പാടിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്-മുഖ്യമന്ത്രി പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق