Posts

കുരിയാക്കോസ് മാസ്റ്ററുടെ 125-ാം ജയന്തി ഉത്സവം

Unknown

സംസ്‌കൃതത്തിന്റെ വളര്‍ച്ചയ്ക്ക് ക്രിസ്തീയ സമൂഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജ്ഞാനപീഠ ജേതാവ് പ്രൊഫ. സത്യവ്രതശാസ്ത്രി അഭിപ്രായപ്പെട്ടു.

 പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ 125-ാം ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1808ല്‍ ബൈബിള്‍ സംസ്‌കൃതഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ സംസ്‌കൃതഭാഷയുടെ മഹത്വം അറിഞ്ഞു പ്രവര്‍ത്തിച്ച അര്‍ണോസ് പാതിരിയടക്കമുള്ള മിഷണറിമാരടങ്ങിയ ക്രിസ്തീയ സമൂഹം ഭാഷയുടെ വളര്‍ച്ചയ്ക്ക് വിവിധ തലങ്ങളില്‍ അമൂല്യമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്ന് ശാസ്ത്രി പറഞ്ഞു.

രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ലക്ഷ്മിനാരായണശര്‍മ്മ ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. കെ.ടി. മാധവന്‍, പ്രൊഫ. എം.എ. ബാബു, പ്രൊഫ. കെ.എല്‍. സെബാസ്റ്റ്യന്‍, ഡോ. ഫ്രാന്‍സിസ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മുരളിമാധവന്‍ സ്വാഗതവും പ്രൊഫ. കെ.പി. കേശവന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. എന്‍.ഡി. കൃഷ്ണനുണ്ണിയുടെ പുസ്തകസഞ്ചയം മകന്‍ കെ.എന്‍. ബാലഗോപാലന്‍ സ്മൃതിഭവന് കൈമാറി.

ജയന്തി ഉത്സവത്തിന്റെ ഭാഗമായി ശാസ്ത്രിയുടെ അധ്യക്ഷതയില്‍ കവിസമ്മേളനവും നടന്നു. ഡോ. ലക്ഷ്മിനാരായണശര്‍മ്മ, ഡോ. മുരളിമാധവന്‍, ഡോ. കെ.വി. വാസുദേവന്‍, ഡോ. വി.ആര്‍. മുരളീധരന്‍, ഡോ. ഇ.എം. രാജന്‍, ഡോ. സുശാന്ത്കുമാര്‍ രായ, ബീഗീഷ് ബി.വി., വിവേക് വി.എസ്. എന്നിവര്‍ സംസ്‌കൃത കവിതകള്‍ അവതരിപ്പിച്ചു. കുരിയാക്കോസ് മാസ്റ്റര്‍ അന്തര്‍ദേശീയ സ്മാരക പ്രഭാഷണം ന്യൂഡല്‍ഹി നെഹ്രു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ശശിപ്രഭാകുമാര്‍ നിര്‍വ്വഹിച്ചു.

Post a Comment