ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

പൊതുചെലവ് റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ ഡോ.ബി.എ.പ്രകാശ് അധ്യക്ഷനായ കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പെന്‍ഷനുകള്‍ ബാധ്യതയായിമുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നിര്‍ബന്ധിത പെന്‍ഷന്‍ സമ്പാദ്യപദ്ധതി തുടങ്ങാനും കമ്മിറ്റി ശുപാര്‍ശ ചെയ്തതായി കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

 ഇപ്പോള്‍ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്തില്‍ ഒന്ന് ഈ പദ്ധതിയില്‍ നിക്ഷേപിക്കണം. പി.എഫിന് നല്‍കുന്ന നിരക്കില്‍ നിക്ഷേപത്തിന് പലിശ നല്‍കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം തുക തിരികെ നല്‍കും. ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏഴു സര്‍വകലാശാലകളും ധനപ്രതിസന്ധിയിലാണെന്ന് കമ്മിറ്റി കണ്ടെത്തി. കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ്, സംസ്‌കൃതം, കാര്‍ഷിക സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നീ ചെലവുകള്‍ക്ക് സര്‍ക്കാര്‍ നോണ്‍പ്ലാന്‍ ഗ്രാന്‍റ് അനുവദിക്കണം. പെന്‍ഷനുവേണ്ടി സര്‍വകലാശാലകള്‍ പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കണം.

കമ്മിറ്റിയുടെ മറ്റ് കണ്ടെത്തലുകളും ശുപാര്‍ശകളും-

* അണ്‍ എക്കണോമിക് സ്‌കൂളുകളിലെ അധിക അധ്യാപകരെ റിട്ടയര്‍മെന്‍റ് ഒഴിവുകളില്‍ പുനര്‍വിന്യസിക്കണം.

* പുതിയ സ്ഥാപനം / യൂണിവേഴ്‌സിറ്റി, കോളേജുകള്‍ എന്നിവ തുടങ്ങാന്‍ വിഭവ ലഭ്യതയുണ്ടോയെന്ന് പരിശോധിക്കണം.

* കാര്‍ഷിക സര്‍വകലാശാലയില്‍ 544 അധ്യാപകരുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം 1368 ആണ്.

* ഇ ഗവേണന്‍സ് നടപ്പാക്കി അധ്യാപകേതര ജീവനക്കാരെ പുനര്‍വിന്യസിക്കണം.

* സംസ്‌കൃത സര്‍വകലാശാല പി.എഫ്, പ്ലാന്‍ ഗ്രാന്‍റ്, സ്‌കീം ഫണ്ട് എന്നിവ പെന്‍ഷനും ശമ്പളത്തിനും വകമാറി ചെലവാക്കുന്നുണ്ട്.

* സര്‍വകലാശാല ഗ്രാന്‍റ് നിര്‍ണയിക്കാന്‍ സര്‍വകലാശാല ഗ്രാന്‍റ് കമ്മീഷനെ നിയമിക്കണം.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷികപദ്ധതിയില്‍ ചെലവാക്കാത്ത തുക ട്രഷറിയില്‍ തിരികെ അടയ്ക്കണം.

* റവന്യൂ ചെലവുകള്‍ കുറയ്ക്കാന്‍ നികുതി കുടിശ്ശിക പിരിക്കണം - 2012 മാര്‍ച്ചുവരെ 10,273 കോടി കുടിശ്ശികയുണ്ട്.

* വാറ്റ് വരുമാനം കുറച്ച് കാണിക്കുന്നത് തടയണം. ഇ ഗവേണന്‍സ് വഴി ചെക്ക്‌പോസ്റ്റ് അഴിമതി തടയണം.

* നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ രജിസ്റ്റര്‍ ചെയ്യാത്ത ക്വാറികളെ രജിസ്റ്റര്‍ ചെയ്യിക്കണം. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് അഞ്ചു ശതമാനം ഉയര്‍ത്തുക, വെള്ളത്തിന്റെ കരം കൂട്ടുക, ജയിലുകളില്‍ മിനി വ്യവസായ യൂണിറ്റുകള്‍ തുടങ്ങി വരുമാനം കൂട്ടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മിറ്റി നല്‍കിയിട്ടുണ്ട്.

ഡോ.ബി.എ. പ്രകാശ് ചെയര്‍മാനായ സമിതിയില്‍ ഡോ.കെ.പുഷ്പാംഗദന്‍, ഡോ.കെ.വി.ജോസഫ്, ഡോ.മേരി ജോര്‍ജ്, ഡോ.വി.നാഗരാജന്‍ നായിഡു എന്നിവര്‍ അംഗങ്ങളാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق