മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍നിന്നുള്ള ഒരു രംഗം

Unknown
ചക്കംകണ്ടം കായല്‍ മലീമസമായതിന്റെ ഹൃദയനൊമ്പരം പങ്കിടുന്ന കുട്ടികളുടെ ലഘുചിത്രത്തിന്റെ പ്രദര്‍ശനം ബുധനാഴ്ച നടക്കും. മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചക്കംകണ്ടത്തിലൂടെ ഒഴുകുന്ന മാലിന്യപുഴയേയും അവിടുത്തെ നിവാസികളുടെ ദുരന്തജീവിതത്തെയും പ്രമേയമാക്കി 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രമൊരുക്കിയത്. മാലിന്യം മൂലം പ്രകൃതി സുന്ദരമായ പ്രദേശം സമീപഭാവിയില്‍ ഇല്ലാതാകുമെന്ന് ഹ്രസ്വചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

 പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ ഒരു കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയുള്ള യാത്രയാണ് ഹ്രസ്വചിത്രം. സംസ്ഥാന അവാര്‍ഡ് ജേതാവ് സൈജോ കണ്ണനായ്ക്കല്‍ സംവിധാനവും അധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും നിര്‍മ്മാണവും ഭവിഭാസ്‌കരന്‍, ജെസ്മോന്‍ ജെയിംസ് എന്നിവര്‍ ക്യാമറയും ജോമി എന്‍. ജോര്‍ജ്ജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബുധനാഴ്ച വൈകീട്ട് 4.30ന് ബി.ബി.എ.എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

Post a Comment