ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന 'ഇന്‍ഡിക് കീബോര്‍ഡ്' ( Indic Keybord ) രംഗത്തെത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും.

'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ' ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങി' ( SMC ) ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു.

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 15 ഇന്ത്യന്‍ ഭാഷകളെയും വ്യത്യസ്തങ്ങളായ 15 കീബോര്‍ഡ് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നതാണ് ഇന്‍ഡിക് കീബോര്‍ഡ്. മിക്ക ഔദ്യോഗിക ഇന്ത്യന്‍ ഭാഷകളും ഇതില്‍ ഉള്‍പ്പെടുന്നു.

ആസാമിസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഉര്‍ദ്ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ, നേപ്പാളി, സിംഹളീസ് എന്നീ ഭാഷകളെയും ഇന്‍ഡിക് കീബോര്‍ഡ് പിന്തുണയ്ക്കും. മലയാളം ഉള്‍പ്പടെയുള്ള ഭാഷകള്‍ നേരിട്ട് ഫോണിലേക്ക് ഇന്‍പുട്ട് ചെയ്യാം. കൂടാതെ ട്രാന്‍ലിറ്ററേഷനും സാധ്യമാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന രണ്ടുദിവസത്തെ 'ഫ്രീ മൊബൈല്‍ പ്ലാറ്റ്‌ഫോം' വര്‍ക്ക്‌ഷോപ്പിന്റെ ഉത്ഘാടനവേളയിലാണ്, ഇന്‍ഡിക് കീബോര്‍ഡ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق