പാപത്തിന്റെ അന്ധകാരത്തില് നിന്ന്, മരണത്തിന്റെ ശൂന്യതയില് നിന്ന്, പ്രകാശത്തിന്റെ പൂര്ണ്ണതയിലേയ്ക്ക് മുന്നേറാന് യേശുവിന്റെ ഉത്ഥാനം നമുക്ക് ശക്തി തരുന്നു. വി. യോഹന്നാന് തന്റെ ലേഖനത്തില് പറയുന്നു, ‘ദൈവം പ്രകാശമാണ്. അവനില് അന്ധകാരമില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അതേസമയം അന്ധകാരത്തില് നടക്കുകയും ചെയ്താല് നാം വ്യാജം പറയുന്നവരാകും. അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ നമ്മളും പ്രകാശത്തില് സഞ്ചരിച്ചാല് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.’ (1 യോഹ 2: 57) . യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാല് മാത്രമേ, നമ്മെ സംബന്ധിച്ചിടത്തോളം ഈസ്റ്റര് അര്ത്ഥവത്താകുന്നുള്ളൂ. ഈ പ്രകാശം, അടുത്തുനില്ക്കുന്നവന് എന്റെ സഹോദരനാണെന്ന തിരിച്ചറിവ് നമുക്ക് നല്കും. അടുത്തുനില്ക്കുന്നവന് ശത്രുവാണെന്ന് കരുതുന്നവന് യേശുവിന്റെ ഉത്ഥാനം യഥാര്ത്ഥത്തില് മനസ്സിലാക്കുന്നില്ല. കുഞ്ഞുണ്ണി മാസ്റ്റര് ഒരിക്കല് എഴുതി.
‘‘പശുതൊഴുത്തുങ്കല് പിറന്നുവീണതും
മരക്കുരിശിങ്കല് മരിച്ചുയര്ന്നതും
വളരെ നന്നായി മനുഷ്യപുത്രാ, നീ
യുയര്ത്തെണീറ്റതു പരമ വിഡ്ഢിത്തം.’’
നീ എളിയവരില് എളിയവനായി കാലിതൊഴുത്തില് ജനിച്ചതും മനുഷ്യരക്ഷയ്ക്കായി മരക്കുരിശില് മരിച്ചതും നല്ലതുതന്നെ. എന്നാല് ഉയിര്ത്തെഴുന്നേറ്റ നിന്നെ ഞങ്ങള് വീണ്ടും കുരിശിലേറ്റും എന്ന കാര്യത്തില് സംശയമില്ല. വിദ്വേഷവും പകയും സ്വാര്ത്ഥതയും നിറഞ്ഞ ജീവിതം നയിച്ചുകൊണ്ട് ക്രിസ്തുവിന്റെ ഉത്ഥാനത്തെ നാം വിഡ്ഢിത്തമാക്കി മാറ്റുകയാണ്.
ഈസ്റ്റര് ആത്മീയാനന്ദത്തിന്റെ തിരുനാളാണ്. യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാലേ ഈ ആനന്ദം നമുക്കു ലഭിക്കൂ. ഈ ആനന്ദം സ്നേഹത്തില്നിന്നാണു ഉത്ഭവിക്കുന്നത്. നമ്മുടെ വ്യക്തി ജീവിതത്തില് സ്നേഹം പ്രകാശമായി പ്രഭ ചൊരിയട്ടെ. കുടുംബത്തില് സ്നേഹം വസന്തംപോലെ പൂത്തുലയട്ടെ. സമൂഹത്തില് സ്നേഹം നമ്മെ പരസ്പരം ബന്ധിപ്പിക്കട്ടെ. ഏവര്ക്കും ഉയിര്പ്പുതിരുന്നാളിന്റെ ആശംസകള് സ്നേഹത്തോടെ നേരുന്നു.