മേൽവിലാസം തെറ്റിയ കത്തുകൾ

കൊച്ചേട്ടന്‍റെ കത്ത്

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മധ്യകേരളത്തിലെ ഒരു വൃദ്ധ സദനത്തിൽവച്ചാണ് അദ്ദേഹത്തെ കണ്ടത്. നിരന്തരം പുറത്തേക്ക് എത്തിനോക്കിക്കൊണ്ട് ഒരാൾ…. ആരോ ഉടനെ വരാനുള്ളതുപോലെ. “”അഞ്ചു മക്കളുണ്ടായിരുന്നു..” അദ്ദേഹം പതി‍യെ പറഞ്ഞു. “ഉണ്ടായിരുന്നു’ എന്നു പറഞ്ഞതുകൊണ്ട് ഞാൻ ചോദിച്ചു. “”ഇപ്പോൾ മക്കൾക്കെന്തു പറ്റി?”. “”ഇപ്പോൾ എനിക്കു മക്കളില്ല. അവർ വളർന്നു വളർന്ന് എന്‍റെ മക്കളല്ലാതായി. കൂടെയില്ലാത്ത മക്കൾ ഉണ്ടാകാത്ത മക്കളാണ് എന്ന്, ദാ ആ കാരണവർ എപ്പോഴും പറയും. എന്നാലും എനിക്ക് സ്വീകരണമുറിയിലിരിക്കാനാണ് എപ്പോഴുമിഷ്ടം. അഞ്ചിലൊരാൾക്ക് എങ്കിലും ഇന്ന് എന്നെ കാണാൻ കൊതി തോന്നിയാലോ?”

“”ഇതൊരു പോസ്റ്റോഫീസാണു ഫാദർ! വിലാസം തെറ്റിയിട്ട് തിരിച്ചുവരുന്ന കത്തുകളുണ്ടല്ലോ, അതു സൂക്ഷിക്കുന്ന ഇടമാണിത്. ” അരികിൽ വന്ന് ഒച്ചയില്ലാത്ത സ്വരത്തിൽ എന്നോടു മന്ത്രിച്ച ആ വൃദ്ധൻ റിട്ടയേഡ് അധ്യാപകനാണ്. “”ഞങ്ങൾ തന്നെയാണ് ഈ വിലാസം തെറ്റിയ കത്തുകൾ. അയച്ച സ്ഥലത്തു സ്വീകരിക്കാനാളില്ലാതെ തിരിച്ചുവരുന്ന കത്തുകൾപോലെ, ആരും തുറന്നു വായിക്കാത്ത കത്തുകൾപോലെ, ഇതാ ഞങ്ങൾ ഇവിടെ…. ”
കൂട്ടുകാരേ, ജൂൺ‌ മാസത്തിലെ മൂന്നാം ഞായറാഴ്ച ലോകം പിതൃദിനമായി ആചരിക്കുകയാണ്. നമുക്ക് ഈ ഭൂമിയിൽ മനുഷ്യരായി പിറക്കാൻ കാരണമായ പിതാവിനെ – അച്ഛൻ, അപ്പൻ, ബാപ്പ, ചാച്ചൻ, ഡാഡി, പപ്പ, അച്ചാച്ചൻ, ബാപ്പച്ചി തുടങ്ങിയ സർവനാമങ്ങളാൽ വിവിധ വീടുകളിൽ മക്കൾ സ്നേഹത്തോടെ വിളിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ജീവന്‍റെ കാരണമായ പിതാവിനെ – ഓർക്കുവാനുള്ള സുദിനമാണ് ജൂൺ 18.

ഞാൻ തുറന്നു വായിക്കാത്ത കത്താണോ എന്‍റെ പിതാവ്. അച്ഛന്‍റെ ഉപദേശം ഞാൻ ധിക്കരിച്ചാൽ എന്‍റെ ഹൃദയത്തിൽ ഇടം കിട്ടാതെ അദ്ദേഹം പുറത്താകും. അച്ഛന്‍റെ ശബ്ദം കേൾക്കാതെ ഞാൻ കാതടയ്ക്കുന്പോൾ, അച്ഛന്‍റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്പോൾ, അർഹമായ പരിഗണന ലഭിക്കാതെ അദ്ദേഹം വീട്ടിൽ അവതരിക്കപ്പെടുന്പോൾ മേൽവിലാസം തെറ്റി തിരിച്ചുപോകുന്ന ഒരു കുറിമാനമായി അദ്ദേഹം മാറുകയാണ്.

“”ഒരിക്കൽ എന്‍റെ വീടിന്‍റെ വിലാസം പിതാവായ ഞാൻ തന്നെയായിരുന്നു. സ്വന്തം വിലാസത്തിനുമേൽ വിലസി നടന്ന ഒരു നല്ല കാലം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളെ സ്വീകരിക്കേണ്ടയിടങ്ങളിൽ കതകടച്ചും ഞങ്ങളുടെ സ്വരം കേൾക്കേണ്ടവർ കാതടച്ചും ഞങ്ങളെ തിരിച്ചയയ്ക്കുകയാണ്. ”

കൂട്ടുകാരേ, ജ ൻമം നൽകിയ മാതാവിനെയും പിതാവിനെയും തിരസ്കരിച്ചാൽ ജീവിതം ഗതികെട്ടുപോകും. നാം എന്താണോ അത്, നമ്മുടെ മാതാപിതാക്കളിലൂടെ ദൈവം തന്നതു മാത്രമാണ്. അതിനാൽ മരണം വരെ അവർ ഏറ്റവും ആർദ്രമായി സ്നേഹിക്കപ്പെടട്ടെ. എല്ലാ കൂട്ടുകാരുടെയും പിതാക്കന്മാർക്ക് കൊച്ചേട്ടന്‍റെ പിതൃദിനാശംസകൾ അറിയിക്കുമല്ലോ.

ആശംസകളെോടെ
സ്വന്തം കൊച്ചേട്ടൻ

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق