കുട്ടികളുടെ എണ്ണത്തില്‍ ക്രമക്കേടുകാട്ടിയാല്‍ അധ്യാപകരുടെ പണിപോകും


സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ കബളിപ്പിച്ചാല്‍ അധ്യാപകരുടെ ജോലിപോകും. ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തിയാല്‍ മാനേജരെ അയോഗ്യനുമാക്കും. ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്ക് നല്‍കിയ കൂട്ടത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ കത്തുനല്‍കി തിരുത്തണമെന്നും ഡി.പി.ഐ. നിര്‍ദേശിച്ചു.

ആറാംപ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പിന്റെ 'സമ്പൂര്‍ണ' സോഫ്‌റ്റ്വേറിലേക്ക് ആധാര്‍ നമ്പര്‍ സഹിതമാണ് കുട്ടികളുടെ പേരുവിവരം നല്‍കേണ്ടത്. മുന്‍വര്‍ഷം വയോധികരായ ആളുകളുടെ ആധാര്‍ നമ്പര്‍ കുട്ടികളുടേതാണെന്ന വ്യാജേന ചേര്‍ത്ത് ഡിവിഷനുകള്‍ പെരുപ്പിക്കാന്‍ ചില സ്‌കൂളുകളില്‍ ശ്രമം നടന്നു. സര്‍ക്കാരിന് ഭീമമായ നഷ്ടംവരുത്തുന്ന ഇത്തരം അധ്യാപകര്‍ക്കെതിരെ ഈവര്‍ഷംമുതല്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡി.പി.ഐ.യുടെ സര്‍ക്കുലറില്‍ പറയുന്നു. കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ അഡ്മിഷനുകള്‍ കണ്ടെത്താന്‍ ഇപ്പോള്‍ ഒരുനിമിഷം മതിയെന്ന് സര്‍ക്കുലറില്‍ ഓര്‍മിപ്പിക്കുന്നു. അധികതസ്തിക അനുവദിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ഈവര്‍ഷം സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധനയും ഉണ്ടാകും.


അധ്യാപകബാങ്ക് പരിഷ്‌കരിക്കും, തസ്തിക നഷ്ടപ്പെടുന്നവര്‍ സ്‌കൂളില്‍ തുടരേണ്ടതില്ല


കുട്ടികള്‍ കുറഞ്ഞതിന്റെപേരില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ ജൂലായ് 15-നുശേഷം സ്‌കൂളില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. സംരക്ഷണത്തിന് അര്‍ഹതയുള്ളവരെ അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തും. അധ്യാപക ബാങ്കില്‍നിന്നായിരിക്കും തുടര്‍നിയമനം.

പുനര്‍നിയമനം ലഭിക്കുന്ന തീയതിമുതല്‍ക്കേ ഇവര്‍ക്ക് ശമ്പളം ലഭിക്കൂ. പുനര്‍വിന്യസിക്കപ്പെടുന്നതുവരെ ശമ്പളം ലഭിക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം വേണ്ടിവരും. മുമ്പ് പുറത്തുപോയ പല അധ്യാപര്‍ക്കും വര്‍ഷങ്ങളോളം ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

1997 ജൂലായ് 14-വരെയുള്ളവര്‍ക്കാണ് സംരക്ഷണം ഉണ്ടായിരുന്നത്. അതിനുശേഷം സര്‍വീസില്‍ കയറിയ പലരും തസ്തികയില്ലാതെ പുറത്തുപോയി. ഇവരെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെകാലത്ത് അധ്യാപകപാക്കേജ് പ്രഖ്യാപിച്ച് തിരിച്ചെടുത്തു. റീട്രഞ്ച്ഡ് അധ്യാപകര്‍ എന്നനിലയില്‍ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്ററായും മറ്റുമായിരുന്നു നിയമനം. സര്‍വീസിന് പുറത്തുപോയ കാലത്തെ ശമ്പളത്തിനുവേണ്ടി അവര്‍ ഇപ്പോഴും നിവേദനവുമായി നടക്കുകയാണ്.

അതേസമയം, 2011-നുശേഷം തസ്തിക നഷ്ടപ്പെട്ടവര്‍ക്ക് തസ്തികനിര്‍ണയം നടക്കാത്തതിനാല്‍ ശമ്പളം മുടങ്ങാതെ കിട്ടി. അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തിയ നാലായിരത്തോളംപേരെ കഴിഞ്ഞ വര്‍ഷം പൂര്‍ണമായും പുനര്‍വിന്യസിച്ചിരുന്നു.

2015-16 മുതല്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യം കിട്ടില്ല. 2017-18ലെ തസ്തികനിര്‍ണയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ നിര്‍ദേശമനുസരിച്ച് ഈ അധ്യയന വര്‍ഷം വിരമിക്കുന്ന അധ്യാപകന്‍പോലും തസ്തികയില്ലെങ്കില്‍ പുനര്‍വിന്യാസംവാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോകേണ്ടിവരും.

അഞ്ചുവര്‍ഷത്തെ തുടര്‍സര്‍വീസും എട്ട് പീരിയഡുമുള്ള ഭാഷാധ്യാപകര്‍ക്ക് നല്‍കുന്ന ഫുള്‍ടൈം ബെനിഫിറ്റ് ലഭിക്കുന്ന അധ്യാപകരുടെ സേവനം മുഴുവന്‍സമയവും ഉപയോഗിക്കണം. അതിനായി ഇവരുടെ സേവനം സമീപസ്‌കൂളുകളിലും ഉപയോഗിക്കാവുന്നതാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق