ബൈക്ക് മോഷണത്തിന് കൗമാരപ്പട; ലക്ഷ്യം റേസിങ്ങും ആർഭാട ജീവിതവും


ബൈക്ക് മോഷണം കലയാക്കി കൗമാരക്കാർ. ലക്ഷ്യം ബൈക്ക് റേസിങ്ങും ആർഭാട ജീവിതവും. വിലയേറിയ ബൈക്കുകൾ സ്വന്തമാക്കാനും പണം സ്വരൂപിക്കാനുമുള്ള ‘കൂട്ടായ്മ’യിലൂടെയാണ് ഇവരുടെ മോഷണങ്ങൾ അരങ്ങേറുന്നത്. മോഷണം നടത്തുന്ന ബൈക്കുകളിൽ വ്യാജ നമ്പർ പതിപ്പിച്ചിട്ടുള്ളതിനാൽ വാടകയ്ക്ക് എടുക്കുന്നവർക്ക് സംശയമുണ്ടാകില്ലത്രെ. ലഹരിമരുന്ന് വിൽപനക്കാരും മോഷണവുമായി ബന്ധപ്പെട്ട സംഘങ്ങളും ഇവരുടെ ബൈക്കുകൾ വാടകയ്ക്ക് എടുക്കാറുണ്ടെന്നു പൊലീസ് പറഞ്ഞു.

വാഹനപരിശോധനയിൽ പൊലീസിനെ കബളിപ്പിച്ച് അതിവേഗത്തിൽ ഓടിച്ചു രക്ഷപ്പെടുകയാണു പതിവ്. ഇത്തരം വാഹനങ്ങൾ പിടികൂടിയാൽ രേഖകൾ ശരിയായ രീതിയിലാകും. എന്നാൽ എൻജിൻ നമ്പരും ഷാസി നമ്പരും ഒത്തുനോക്കുമ്പോഴാണു വ്യാജമാണെന്നു തിരിച്ചറിയുക. ആർസി ബുക്കും നമ്പറും ഉപയോഗശൂന്യമായ വാഹനത്തിന്റേതാകും. അതേസമയം, ഇതു കണ്ടെത്തുന്നത് ഉദ്യോഗസ്ഥർക്കു ദുഷ്കരമാണ്. ബൈക്ക് റേസിങ്ങും ബൈക്ക് സ്റ്റണ്ടുമാണ് ഇവരുടെ മറ്റൊരു ഹോബി.

അതിനായി പണം സ്വരൂപിക്കാൻ പലരും ലഹരിമരുന്നു കച്ചവടവുമായി ബന്ധപ്പെടുന്നുണ്ട്. നാളുകൾക്കു മുൻപു നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു ബൈക്ക് മോഷണം നടത്തിയിരുന്നു. പഴയ ബൈക്ക് വച്ചു പുതിയ ബൈക്കുമായാണു സ്ഥലംവിട്ടത്. എടത്തല, പാലാരിവട്ടം, ചാലക്കുടി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ഇതേ രീതിയിൽ മോഷണം നടത്തിയ നാലു ബൈക്കുകളാണു കണ്ടെടുത്തത്. രണ്ടു ബൈക്കുകൾകൂടി കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.


മാതാപിതാക്കൾ അയയുമ്പോൾ മക്കൾ മുറുകും


തൃപ്രയാർ ∙ ബൈക്കുകളുമായി കറങ്ങി വീട്ടിലെത്തുന്ന കൗമാരക്കാരോട് രക്ഷിതാക്കൾ ആരും അന്വേഷണം നടത്താറില്ലെന്നു പൊലീസ് പറയുന്നു. ബൈക്കുകൾ ആരുടെതെന്നോ മറ്റോ ചോദ്യവുമില്ല. ഇതു മുതലാക്കിയാണ് കൗമാരക്കാരുടെ ആർഭാട ജീവിതം. രാത്രി വൈകിയെത്തിയിട്ടും പ്രശ്നമില്ലാതാകുന്നതോടെ ക്രമേണ വഴിവിട്ട ഇടപാടുകളിലെത്തുന്നു.

ലഹരിമരുന്നു വിൽപനക്കാരുടെ വാഹകർ, ബൈക്ക് വിൽപന തുടങ്ങിയ ഇടപാടുകളിൽ കൗമാരക്കാർ വീഴുന്നുവെന്നും പൊലീസ് നിരീക്ഷിക്കുന്നു.

Post a Comment