ദിനാചാരണത്തിന്റെ തിരക്കിലാണ് സാർ

തറവാട്ടിലുള്ള മുതിർന്നവരൊക്കെ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുമ്പോഴാണ് മൂപ്പിലാൻ വടിയായത്. അതോടെ എല്ലാവർക്കും പണിയായി എല്ലാവരും തിരക്കിലുമായി.പിന്നെ  പന്തലിടലായി, നാരങ്ങാ വെള്ളം കൊടുക്കലായി മുറുക്കാൻ തയ്യാറാക്കലായി, അടിയന്തിരത്തിന് അടുപ്പൊരുക്കാനും ആളെ ക്ഷണിക്കാനുമുള്ള പാച്ചിലായി അങ്ങനെ എല്ലാവരും ഓരോ പ ണി യിലായി ! കുട്ടികൾ പെരുവഴിയിലുമായി. തൊള്ള വരണ്ട് ഒരിത്തിരി വെള്ളം ചോദിച്ച പൈതങ്ങളോട് കണ്ടില്ലേ കാരണവർ മരിച്ചു കിടക്കുന്നതെന്നും പറഞ്ഞ്      തല മുതിർന്നവർ തൊള്ളയിട്ടതിനെത്തുടർന്ന്  തലയും താഴ്ത്തി പൈതങ്ങൾ നോക്കാനാരുമില്ലാതെ പേടിച്ച് കിടന്നു.
കാരണവർ മരിച്ച തറവാട്ടിലെ ബഹളം പോലെയാണ് വിദ്യാലയങ്ങളിൽ ദിനാ ഘോഷമെന്ന പേരിൽ  നടക്കുന്ന ബഹളം. ദിനാഘോഷമെന്ന പേരിൽ നടക്കുന്ന വലിയ ആർപ്പുവിളികൾക്കിടയിൽ  കുട്ടികൾ ആരാലും ശ്രദ്ധി ക്കപ്പെടാതെ പോവുന്നു.എല്ലാവരും ദിനാചരണത്തിന്റെ തിരക്കിലാണ്. പ്രവേശന ദിനം കഴിഞ്ഞില്ല,, അപ്പാഴേക്കും വന്നു പരിസ്ഥിതി ദിനം. ഒരു സാർ തൈകൾ വാങ്ങാൻ കൃഷിഭവനിലേക്ക്, മറെറാരാൾ ആളെ ക്ഷണിക്കാൻ ടൗണിക്കേ്, പന്തലൊരുക്കാൻ വേറെയൊരാൾ ,കുഴിയെടുക്കാൻ വേറെയൊരാൾ. ഇതിനിടക്ക് ഇന്നാരും പഠിപ്പിക്കാൻ ക്ലാസ്സിൽ വന്നില്ലെന്ന് ഹെഡ്മാസ്റ്ററോട് പറഞ്ഞ ലീഡറോട് തിരക്ക് കഴിഞ്ഞാൽ  അവരൊക്കെ വരുമെന്ന് ഹെഡ്മാസ്റ്ററുടെ മറുപടി.എന്നാൽ ഈ തിരക്കിലും നാല് മണിക്ക് കൃത്യമായി ബെല്ലടിക്കുന്ന കാര്യം ആരും മറന്നില്ല.
പിന്നെ വന്നു വായനാ ദിനം.അതോടെ അധ്യാപകർ വീണ്ടും തിരക്കിലായി .ദിനാചരണത്തിന്റെ തിരക്കൊഴിഞ്ഞ് അധ്യാപകർ ക്ലാസിൽ എന്ന് വരുമെന്ന ചിന്തയിൽ കുട്ടികളും.200 പ്രവൃത്തി ദിനത്തിൽ ആചരിക്കേണ്ട 280 ദിനങ്ങളുടെ കലണ്ടറാണ് സ്കൂളിൽ തൂങ്ങുന്നത്. പിന്നെയെങ്ങനെ അധ്യാപകർ ഫ്രീയാവും. ദിനാചരണങ്ങളുടെ തിരക്കൊന്നൊഴിയേണ്ടേ?
എൽ.പി.സ്കൂളിൽ അന്താരാഷ്ട്ര കപ്പലോട്ട ദിനവും, കമ്മട്ട കൈമാറ്റ ദിനവും ആചരിക്കണോ? ഇത്രമാത്രം ദിനങ്ങൾ തന്നെ സ്കൂളിൽ ആചരിക്കേണ്ടതുണ്ടോ?
ഏറ്റവും നല്ലത് എല്ലാ ദിനാചരണങ്ങൾക്കും വേണ്ടി ഒരു ദിനം മാറ്റിവെക്കലാവും. അല്ലാത്തപക്ഷം പഠിപ്പിക്കൽ ദിനം എന്ന പേരിൽ ദിനം കൊണ്ടാടേണ്ടി വരും. കാരണം എല്ലാവരും ദിനാചാരണത്തിന്റെ തിരക്കിലാണ് സാർ!!

إرسال تعليق