പരിഷ്‌കരണം വരുന്നു: ആദായ നികുതി സ്ലാബുകള്‍ ഉയര്‍ത്തിയേക്കും

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യക്ഷ നികുതി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്‌സ്‌ എന്നിവ ഉള്‍പ്പടെയുള്ള പ്രതിക്ഷ്യ നികുതി നിയമം 56 വര്‍ഷം പഴക്കമുള്ളതാണ്.
നിലവിലെ സാഹചര്യം പരിഗണിച്ച് അടിമുടി പരിഷ്‌കരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പുതിയ ടാക്‌സ് കോഡ് രൂപപ്പെടുത്താനായി ഉടനെ ഒരു സമിതിയെ നിയമിച്ചേക്കും.
അടുത്ത ബജറ്റിന് മുമ്പായി നികുതി നിയമത്തിന്റെ കരട് തയ്യാറാക്കി പ്രതികരണങ്ങള്‍ക്കായി പൊതുജനത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിയമം നടപ്പാക്കുകയാണ് ലക്ഷ്യം.
2009ലാണ് നികുതി സമൂലമായി പരിഷ്‌കരിക്കുന്നതിന് ഇതിനുമുമ്പ് സമിതിയെ നിയോഗിച്ചത്. പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ ഡയറക്ട് ടാക്‌സ് കോഡ് നടപ്പിലായില്ല.
ഡയറക്ട് ടാക്‌സ് കോഡില്‍ നിക്ഷേപങ്ങള്‍ക്കുള്ള നിരവധി നികുതി ഇളവുകള്‍ എടുത്തുകളഞ്ഞിരുന്നു. പിഎഫ്, പിപിഎഫ് ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി ഈടാക്കണമെന്നായിരുന്നു ശുപാര്‍ശ.
മൂന്ന് ലക്ഷം രൂപവരെയുള്ള വരുമാനത്തെ നികുതിവിമുക്തമാക്കാനായിരുന്നു നിര്‍ദേശം. 25 ലക്ഷത്തിന് മുകളിലെ സ്ലാബില്‍ 30 ശതമാനവും 10-25 ലക്ഷം സ്ലാബിലുള്ളവര്‍ക്ക് 20 ശതമാനവുമായിരുന്നു ഡയറക്ട് ടാക്‌സ് കോഡിലെ പരാമര്‍ശം.
മൂന്ന് ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.  

Post a Comment