ഈ അധ്യാപകൻ ക്ലാസെടുത്തത് വിദ്യാർഥിയുടെ കുഞ്ഞിനെയും ഒക്കത്തിരുത്തി!

കരിയറിനൊപ്പം കുടുംബജീവിതവും സൂഗമമായി കൊണ്ടുപോകാനാണ് സ്ത്രീകളിലേറെയും ശ്രമിക്കാറുള്ളത്. പക്ഷേ കുഞ്ഞുകുട്ടി പരാധീനതകൾ ആകുന്നതോടെ പഠനവും കരിയറുമൊന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തവരുമുണ്ട്. എന്നാല്‍ കൂടെനിന്ന് പിന്തുണ നൽകാൻ തയാറാകുന്ന സമൂഹമുണ്ടെങ്കിൽ അമ്മമാർക്കു കുഞ്ഞുങ്ങളെപ്പോലെ തന്നെ പ്രാധാന്യത്തോടെ തങ്ങളുടെ പഠനവും കരിയറും കൊണ്ടുപോകാം. അത്തരത്തിലൊന്നായിരുന്നു ഒരു സ്ത്രീ അടുത്തിടെയിട്ട ഫെയ്സ്ബുക് പോസ്റ്റ്. ആഷ്ടണ്‍ റോബിന്‍സണ്‍ എന്നാണ് അവരുടെ പേര്.

 ടെക്‌സാസ് എ&എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് ആഷ്ടണ്‍. കോളജിലെ പ്രധാനപ്പെട്ട ക്ലാസില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കില്ലെന്നു പറഞ്ഞ് ആഷ്ടണ്‍ തന്റെ പ്രൊഫസറായ ഡോ.ഹെന്റി മുസോമയ്ക്ക് ഇ-മെയിൽ അയച്ചിരുന്നു. അവളുടെ കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ ബേബി സിറ്ററെ കണ്ടെത്തിയില്ലെന്നും കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി വരാന്‍ സാധിക്കില്ലെന്നുമാണ് കാരണം പറഞ്ഞത്.

എന്നാല്‍ കുഞ്ഞിനെയും കൊണ്ടു ക്ലാസിലെത്താനായിരുന്നു മുസോമയുടെ മറുപടി. ശേഷം പ്രൊഫസര്‍ മുസോമ ചെയ്ത കാര്യം കണ്ട് പല അധ്യാപകരും ഒന്നു നെറ്റി ചുളിച്ചു. തന്റെ വിദ്യാര്‍ഥിയുടെ പഠനം സുഗമമാക്കാനായി അവളുടെ മകന്‍ എമ്മെറ്റിനെ വാങ്ങി ഒക്കത്തിരുത്തിയാണ് അദ്ദേഹം ക്ലാസെടുത്തത്. ആ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി മാറി. ഇതിനോടകം തന്നെ 46,000 റിയാക്ഷനുകളും 12,000ത്തിലധികം ഷെയറുകളുമാണ് അതിന് ലഭിച്ചത്.

''ഒരു സിംഗിള്‍ മദര്‍ ആയിരിക്കുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഡോ. ഹെന്റി മുസോമയെപ്പോലുള്ള വ്യക്തികള്‍ എന്നെപ്പോലുള്ളവര്‍ക്ക് ചില കാര്യങ്ങളെങ്കിലും കുറച്ച് എളുപ്പമാക്കുന്നു, അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ സഹായം കൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് അവന്റെ അമ്മയ്ക്ക് ബിരുദം നേടാനായതെന്ന് ഞാന്‍ ഒരിക്കല്‍ എമ്മെറ്റിനോട് പറയും''-ആഷ്ടണ്‍ പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment