എൻ പിഎസിലും ഇനി ഓൺലൈനായി ചേരാം


ജീവിതകാലം മുഴുവൻ പ്രതിമാസ പെൻഷൻ കേന്ദ്രസർക്കാർ ഉറപ്പോടെ. പദ്ധതിയിലേക്കു പണം നിക്ഷേപിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും ആദായനികുതി ആനുകൂല്യങ്ങൾ, കുറഞ്ഞ നടത്തിപ്പു ചെലവ്, രാജ്യത്തെ ഏതൊരു പൗരനും അംഗമാകാം...  ഇതെല്ലാമാണ് ദേശീയ പെൻഷൻ പദ്ധതി (NPS)യെ മറ്റു പെൻഷൻ പദ്ധതികളിൽനിന്നു വേറിട്ടതാക്കുന്നത്. ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുതന്നെ എൻപിഎസിൽ അംഗത്വമെടുക്കാം. 

രണ്ടുതരം അക്കൗണ്ടുകൾ

ജീവിതസായാഹ്നത്തിൽ സ്ഥിരവരുമാനം ഉറപ്പു വരുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. എൻപിഎസിൽ ടയർ 1 ടയർ 2 എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകളുണ്ട്. 

ടയർ 1 പെൻഷൻ അക്കൗണ്ടാണ്.  

ടയർ 2 സേവിങ്സ് അക്കൗണ്ട് പോലെ കൈകാര്യം ചെയ്യാം. 

ടയർ 1 അക്കൗണ്ട് തുറക്കുന്നവർക്കു മാത്രമേ ടയർ 2 അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളൂ. ടയർ 1 അക്കൗണ്ടിൽ പ്രതിവർഷം നിശ്ചിത തുക (കുറഞ്ഞത് 1,000 രൂപ) നിക്ഷേപിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ, ടയർ 2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളൊന്നുമില്ല. 

ടയർ 1 ലെ നിക്ഷേപങ്ങൾക്കു മാത്രമേ ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. 

ഇപ്പോൾ കാലാവധിക്കു മുൻപും പിൻവലിക്കാം

അക്കൗണ്ട് ചേർന്നു മൂന്നു വർഷത്തിനുശേഷം എൻപിഎസിൽനിന്നു നിബന്ധനകളോടെ ഭാഗികമായി പണം പിൻവലിക്കാം. ടയർ 1 ൽ അടച്ച തുകയുടെ 25 ശതമാനമാണ് ഇങ്ങനെ പിൻവലിക്കാവുന്നത്. കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പരമാവധി മൂന്നു തവണ മാത്രമേ ഇത്തരത്തിലുള്ള പിൻവലിക്കൽ അനുവദിക്കൂ. പിൻവലിക്കുന്ന തുക നികുതിവിമുക്തമാണ്. മക്കളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം, ഗൃഹനിർമാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഭാഗിക പിൻവലിക്കൽ അനുവദിക്കുന്നത്. ഇതിന് എൻപിഎസ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. 

എൻപിഎസ് അക്കൗണ്ട് ഓൺലൈനായി തുടങ്ങാൻ

സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളവർക്ക് എൻപിഎസിൽ ഓൺലൈനായി ചേരാം.നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. പാൻകാർഡും ആധാർകാർഡും സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇങ്ങനെയുള്ളവർക്ക് എൻപിഎസ് വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി അംഗത്വമെടുക്കാം. ആധാർ വഴിയും എൻപിഎസ് അക്കൗണ്ട് ഓൺലൈനായി തുറക്കാം. ആധാർ നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം.

https://www.npscra.nsdl.co.in/

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق