എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രിൽ എട്ടിനായിരിക്കും പരീക്ഷകൾ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക.

പരീക്ഷകൾ മാറ്റിവയ്‌ക്കരുതെന്ന് ബഹുഭൂരിപക്ഷം വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ നീട്ടിയാൽ വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും പറഞ്ഞിരുന്നു. എന്നാൽ, പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് അനുമതി നൽകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.

ഏപ്രിൽ ആറിനാണ് കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മാർച്ച് എട്ടിനു തുടങ്ങി 30 ന് അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യം പരീക്ഷകൾ ക്രമീകരിച്ചിരുന്നത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment