വോട്ടെടുപ്പ് കഴിഞ്ഞു; സ്കൂൾ ചുമരുകളിലെ ‘ആമയും മുയലും’ കാണാതായി’


വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാവരും പോയപ്പോൾ പ്രൈമറി സ്‌കൂളുകളുടെ ഭിത്തികളിൽ നിന്നകന്നത് ബാലസൗഹൃദം. ചിത്രം വരച്ച് ആകർഷകമാക്കിയിരുന്ന ഭിത്തികളെ പലയിടത്തും തിരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകൾ മറച്ചു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കുടുതൽ ഇക്കുറി ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. ആമയുടെയും മുയലിന്റെയും ആനയുടെയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്ത്, വീണ്ടും ചിത്രം വരച്ചുചേർക്കേണ്ട ബാധ്യത സ്‌കൂൾ പി.ടി.എ.ക്കും അധ്യാപകർക്കുമായി. എന്നാൽ, സ്‌കൂളുകളിലെ ചിത്രങ്ങൾ നശിപ്പിക്കാതെ വോട്ടെടുപ്പ് നടത്തിയ ധാരാളം ഉദ്യോഗസ്ഥരുമുണ്ട്.

ഭൂപടങ്ങൾ വരച്ചതിന് മുകളിലും പശവച്ച് പോസ്റ്ററുകൾ ഒട്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ബൂത്തിലേക്ക് നാല് പോസ്റ്ററുകളാണ് നൽകിയിരുന്നത്. വോട്ടെടുപ്പിന്റെ വിവിധ നിർദേശങ്ങൾ ചിത്രങ്ങൾ സഹിതമുള്ള വലിയ പോസ്റ്ററുകളാണ് നൽകിയിരുന്നത്. കോവിഡിനെ അകറ്റാനുള്ള നിർദേശങ്ങളും പോസ്റ്ററുകളിലുണ്ട്. നിയമസഭാ മണ്ഡലം, ബൂത്ത് എന്നിവയുടെ വിശദീകരണമുള്ള ഒരു പോസ്റ്ററും സ്ഥാനാർഥിപ്പട്ടിക ഉള്ള മറ്റൊന്നും ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇവയൊക്കെ വോട്ടർമാർ കാണും വിധം പ്രദർശിപ്പിക്കണമെന്നായിരുന്നു നിർദേശം.

എന്നാൽ, ഈ നിർദേശത്തെ യുക്തിബോധത്തോടെ സമീപിക്കാത്തവരുടെ നടപടിയാണ് സ്‌കൂൾ ഭിത്തികളുടെ ചന്തം കെടുത്തിയത്.

പോളിങ് ബൂത്തുകളുടെ ഭിത്തിയിൽ ഇക്കുറി മഞ്ഞ പെയിന്റടിച്ച് കറുത്തപെയിന്റ് കൊണ്ട് വിവരങ്ങൾ എഴുതിച്ചേർത്തിട്ടുമുണ്ട്. അത് സ്‌കൂൾ ഭിത്തികളിൽ സ്ഥിരമായി ഇനി ഉണ്ടാവും.

ഭിത്തിയിലെ ചിത്രങ്ങൾ പഠനത്തിന്റെ ഭാഗം

പ്രൈമറി സ്‌കൂളുകളുടെ ഭിത്തിയിലും ചുവരിലും ചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്നത് പഠനപ്രവർത്തനത്തിന്റെ ഭാഗമാണ്. 10 വർഷം മുമ്പ് കേന്ദ്ര മാനവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച ‘ബിൽഡിങ് ആസ് എ ലേണിങ് ആപ്പ് ’ (building as a learning app-BALA) എന്ന പദ്ധതിയിലാണ് ഇത്. സമഗ്രശിക്ഷാ അഭിയാൻ വഴി സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലേക്കും ഇതിന്റെ ഫണ്ട് എത്തിയിരുന്നു. ശരാശരി 2000 രൂപയാണ് ഓരോ സ്‌കൂളിനും കിട്ടിയത്. ഈ തുകയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്താണ് ഭിത്തിയും മതിലും ക്ലാസ്‌മുറികളും ശിശുസൗഹൃദമാക്കിയത്. പഠനം എളുപ്പമാക്കാനും ചില ഭാഗങ്ങൾ കുട്ടികൾ ദിവസവും കാണുന്നതിലൂടെ മനസ്സിലുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തത്.

പൂർവസ്ഥിതിയാലാക്കാൻ പണം അനുവദിക്കണം

തിരഞ്ഞെടുപ്പ് കാരണം ഉപയോഗശൂന്യമായ വിദ്യാലയ ചുമരുകളുടെ കണക്കെടുക്കുകയും അത് പൂർവസ്ഥിതിയിലാക്കുന്നതിന് ധനസഹായവും വേണം.

6 x 4 വലുപ്പത്തിലുള്ള തൂക്കിയിടാവുന്നതോ ചാരിവെക്കാവുന്നതോ ആയ തുണി ബോർഡ് ഓരോ ബൂത്തിലും ക്രമീകരിക്കാവുന്നതാണ്.

പോളിങ്‌ ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ വിദ്യാർഥി പക്ഷ വിദ്യാലയത്തെ നോവിക്കരുതെന്ന് പറയുകയും വേണം.

-ടി.പി. കലാധരൻ, മുൻ കൺസൾട്ടന്റ്, സമഗ്രശിക്ഷ കേരള, എസ്‌.സി.ഇ.ആർ.ടി.

https://www.mathrubhumi.com/

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق