സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണ്ണയിക്കണം. പരിശോധന നടത്തുന്ന വിവരം 15 ദിവസത്തിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും കമ്മീഷന്റെ ഉദ്യോഗസ്ഥർ ഇതിനോട് സഹകരിക്കുന്നില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുകയും വേണം.
റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുക തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നശിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ചിത്രങ്ങളും ചുമരെഴുത്തുകളും ഈ തുക ഉപയോഗിച്ച് പുനരാവിഷ്‌ക്കരിച്ച് സ്‌കൂളുകളിൽ ശിശുസൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ബോധപൂർവം പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ തുക അവരിൽ നിന്നും ഈടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.