സ്കൂൾ അധ്യാപകർ നേരിട്ടും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നു നിർദേശം.

കോവിഡ് വ്യാപന സാഹചര്യത്തിൽ പുതിയ അധ്യയന വർഷവും സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ കേന്ദ്രീകൃത ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം അതതു സ്കൂൾ അധ്യാപകർ നേരിട്ടും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നു നിർദേശം. കൈറ്റ് വിക്ടേഴ്സ് ചാനൽ സിഇഒ കെ.അൻവർ സാദത്ത് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുൾപ്പെടെയുള്ള നിർദേശങ്ങളുള്ളത്.

ജൂൺ 15 മുതൽ 10,12 ക്ലാസുകൾക്കും ഓഗസ്റ്റ് മുതൽ 8,9 ക്ലാസുകൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ തുടങ്ങാം. ഇതിനായി ‘ജി സ്യൂട്ട് ഫോർ എജ്യുക്കേഷൻ’ പ്ലാറ്റ്ഫോം കസ്റ്റമൈസ് ചെയ്തു നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റു പ്രധാന നിർദേശങ്ങൾ:

  • ∙ ജൂൺ ഒന്നിനു ക്ലാസ് ആരംഭിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷം പഠിച്ചതും തുടർപഠനത്തിന് ആവശ്യമുള്ളതുമായ ഭാഗങ്ങൾക്ക് (ബ്രിജ് കോഴ്സ്) ആദ്യ ക്ലാസുകളിൽ ഊന്നൽ നൽകണം.
  • ∙ മുഴുവൻ ക്ലാസുകളും ഡിജിറ്റൽ രൂപത്തിലുണ്ടെങ്കിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ ക്ലാസുകൾ തയാറാക്കാം.
  • ∙ സാധ്യമായ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രാദേശിക പഠന കേന്ദ്രങ്ങൾ ഒരുക്കണം. തൊട്ടടുത്ത സ്കൂളുകൾ, അങ്കണവാടികൾ, ഗ്രന്ഥശാല എന്നിവ ഇതിനു പ്രയോജനപ്പെടുത്താം.
  • ∙ അധ്യയന വർഷം മുഴുവൻ ഡിജിറ്റൽ ക്ലാസുകൾ വേണ്ടിവരും എന്ന അനുമാനത്തോടെ ഓരോ ടേമിലെയും പാഠഭാഗങ്ങൾ തീരുമാനിച്ച് ടൈംടേബിൾ പ്രസിദ്ധീകരിച്ചാവണം ക്ലാസുകൾ സംപ്രേഷണം ചെയ്യേണ്ടത്.
  • ∙ കുട്ടികൾക്കുള്ള പഠനപ്രവർത്തനങ്ങൾ വർധിപ്പിക്കണം.
  • ∙ ഓരോ ക്ലാസിനു ശേഷവും ഏതാനും മിനിറ്റിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള നിർദേശങ്ങൾ നൽകണം.
  • ∙ ക്ലാസ് അസൈൻമെന്റുകൾ, വർക് ഷീറ്റുകൾ തുടങ്ങിയവ സമഗ്ര പോർട്ടലിൽ തുടർച്ചയായി ലഭിക്കണം.
  • ∙ കലാ–കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ലൈഫ് സ്കിൽ എന്നിവയ്ക്കും ഡിജിറ്റൽ ക്ലാസിൽ പ്രാധാന്യം നൽകണം.
  • ∙ അധ്യാപകർക്കു തുടർച്ചയായ ഓൺലൈൻ പരിശീലനം നൽകണം.
  • ∙ പ്ലസ്ടു ക്ലാസ് തുടങ്ങി ആദ്യ 10 ദിവസത്തിനുള്ളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വിവിധ ബാച്ചുകളായും ഈ വിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരുമായി നേരിട്ടു സംവദിക്കാൻ അവസരമൊരുക്കണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment