സ്കൂൾ ഫീസ് നൽകാത്തവർക്ക് എതിരെ നടപടി പാടില്ല: സുപ്രീം കോടതി

കഴിഞ്ഞ വർഷത്തെ ഫീസ് നൽകാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വാർഷിക ഫീസിന്റെ 15% കുറവു ചെയ്യണമെന്നും ബാക്കി തുക 6 തുല്യ തവണകളായി ഈടാക്കാമെന്നും രാജസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ കേസിൽ കോടതി വിധിച്ചു.

എന്നാൽ, സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറയ്ക്കാൻ ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം സർക്കാരുകൾക്കു നിർദേശിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്കൂൾ ഫീസ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. സ്കൂൾ എപ്പോൾ തുറക്കണമെന്നും അടയ്ക്കണമെന്നും പാലിക്കേണ്ട നിയന്ത്രണങ്ങളും ഈ നിയമപ്രകാരം നിർദേശിക്കാം.

സ്കൂൾ ഫീസ് നിയന്ത്രണത്തിനു സംസ്ഥാന നിയമമുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം നടപടി. നിലവിൽ ഫീസ് നിയന്ത്രണ നിയമമുണ്ടെങ്കിൽ, ഭരണഘടനയുടെ 162-ാം വകുപ്പു പ്രകാരമുള്ള എക്സിക്യൂട്ടീവ് അധികാര പ്രയോഗവും പറ്റില്ല. നിർദേശങ്ങൾ 2021–22 വർഷത്തെ ഫീസിനു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

സ്കൂളിലെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നില്ലെന്നതു കണക്കിലെടുത്താണ് ഫീസിൽ 15% കുറവെന്ന നിർദേശം. കൂടുതൽ ഇളവു നൽകുന്നത് സ്കൂളുകൾക്കു പരിഗണിക്കാം. കോടതി നിർദേശിച്ച തോതിലുള്ള ഫീസ് നൽകാൻ പ്രയാസമുണ്ടെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയാൽ അനുഭാവപൂർവം പരിഗണിക്കണം. ഫീസ് നൽകിയില്ലെന്ന പേരിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസ് പോലും നിഷേധിക്കരുത്. ബോർഡ് പരീക്ഷ എഴുതുന്നതും തടയാൻ പാടില്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق