കുട്ടികൾക്ക് കിട്ടും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്
കോവിഡ് 19 മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അനാഥരായ കുട്ടികൾക്കുള്ള ഈ ഇൻഷുറൻസിന്റെ വരിസംഖ്യ പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽനിന്നാണ് അടയ്ക്കുക. കൂടാതെ അവർക്ക് പ്രതിമാസ തുകയും വകയിരുത്തിയിട്ടുണ്ട്. 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയും അവർക്കു നൽകുമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജൂൺ 5 വരെയുള്ള കണക്കുകൾ പ്രകാരം 30,071 കുട്ടികൾ കോവിഡ് മൂലം അനാഥരായിട്ടുണ്ട്. മാതാപിതാക്കളെ നഷ്ട്ടപെട്ട കുട്ടികളെ ഉചിതമായ രീതിയിലുള്ള വിദ്യാഭ്യാസവും, മറ്റു സൗകര്യങ്ങളും കൊടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. മറ്റാരുടെയും സാമ്പത്തിക സഹായമില്ലാതെ കുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.