എസ്എസ്എൽസി: ഗ്രേസ് മാർക്ക് ആവശ്യം െഹെക്കോടതി തള്ളി

സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, എൻസിസി സർട്ടിഫിക്കറ്റ്/പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇത്തരം നേട്ടങ്ങൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു ബോണസ് പോയിന്റ് നൽകുമെന്നു സർക്കാർ അറിയിച്ചതു കോടതി പരിഗണിച്ചു.    

ഇത്തവണ വിജയശതമാനവും മാർക്കും ഉയർന്ന തോതിലാണെന്നും ഗ്രേസ് മാർക്ക് കൂടി അനുവദിച്ചാൽ അക്കാദമിക പ്രകടനം മാത്രമുള്ള ഭൂരിഭാഗം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതയെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവും കോഴിക്കോട് മുക്കത്തെ 10–ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാനും നൽകിയതുൾപ്പെടെ ഹർജികളിലാണു ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. 

ബോണസ് പോയിന്റ് ഉള്ളതിനാൽ ഇത്തരം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നു സർക്കാർ അറിയിച്ചു. സർക്കാരിന്റെ തീരുമാനത്തിൽ അപാകതയില്ലെന്നും കോടതി വിലയിരുത്തി. 2020–21 അക്കാദമിക വർഷത്തേക്കു മാത്രമാണ് ഗ്രേസ് മാർക്ക് ഒഴിവാക്കിയതെന്നു കോടതി ചൂണ്ടിക്കാട്ടി.  

ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ 99.47% വിജയവും 1,21,318 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും ഉണ്ട്. കോവിഡ് മൂലം റഗുലർ ക്ലാസും സ്പോർട്സ്, കലോത്സവം, സാഹിത്യോത്സവം, പ്രവൃത്തിപരിചയ മേള, ഐടി കലോത്സവം എന്നിവയും നടന്നില്ല. ഈ സാഹചര്യത്തിലാണു ഗ്രേസ് മാർക്ക് വേണ്ടെന്നുവച്ചതെന്നും സർക്കാർ വിശദീകരിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق