അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ.
കവ്വായി
വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്‍സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.

കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും.
ആലുംകടവ്
അഷ്ടമുടിക്കായലിനരികെയുള്ള ഒരു മനോഹര തീരദേശ ഗ്രാമമാണ് ആലും കടവ്. അങ്ങനെ പറഞ്ഞാല്‍ ആളെ അത്രക്കങ്ങട് മനസ്സിലാവില്ല! കേരളമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളില്‍ ഒന്നായ, കെട്ടുവള്ളങ്ങളുടെ ജൻമദേശം എന്നറിയപ്പെടുന്ന സ്ഥലമാണ് ആലുംകടവ്. കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ടുകൾ നിർമ്മിച്ച സ്ഥലം എന്നൊരു പ്രത്യേകതയുമുണ്ട്. 'ആളത്ര നിസ്സാരക്കാരനല്ല' എന്ന് മനസ്സിലായില്ലേ!
ആകാശത്തോളം പരന്നുകിടക്കുന്ന അഷ്ടമുടി കായലും കരയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകളുമെല്ലാം ഒക്കെ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകളാണ്. മാത്രമല്ല, പോക്കറ്റ് കീറാതെ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ കായൽ മത്സ്യങ്ങളുടെ രുചി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
ശാസ്താംകോട്ട കായല്‍
ശാസ്താംകോട്ട കായലിനെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും അവക്കിടയില്‍ കാണുന്ന നെൽ പാടങ്ങളുമെല്ലാം ചേര്‍ന്ന് കായല്‍പ്രദേശം മനോഹരമാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലായ ശാസ്താംകോട്ട കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. കൂടാതെ, പ്രശസ്തമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്.
വലിയപറമ്പ കായല്‍
നീലേശ്വരത്തിനു പത്ത് കിലോമീറ്റര്‍ തെക്കായാണ് വലിയപറമ്പ കായല്‍ സ്ഥിതിചെയ്യുന്നത്. നാലു പുഴകളുടെ സംഗമഭൂമിയായ വലിയപറമ്പയില്‍ ഒട്ടനവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ കുന്നുവീട്, പടന്ന ബീച്ചുകളുമുണ്ട്. തൊണ്ണൂറോളം തരത്തിലുളള പക്ഷികളുടെ ആവാസകേന്ദ്രമാണ് ഇവിടം. കായലിന്‍റെ ഭംഗി ആസ്വദിച്ച് ജലയാത്ര നടത്താന്‍ ബോട്ട് സര്‍വീസുകള്‍ ധാരാളമുണ്ട്. സഞ്ചാരികള്‍ക്കായി വലിയപറമ്പയിലെ കോട്ടപ്പുറത്തു നിന്ന് കണ്ണൂര്‍ വരെ ബിആര്‍ഡിസിയുടെ ഹൗസ്‌ബോട്ടുകള്‍ സര്‍വീസ് നടത്തുന്നു.