കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് ഉത്തരവായി

സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് ഉത്തരവായി.

നിലവിൽ 20% സീറ്റ് വർധിപ്പിച്ച തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ 10% സീറ്റ് വർധന കൂടി അനുവദിക്കും. ഈ ജില്ലകളിലെ അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് സ്കൂളുകൾ അപേക്ഷിച്ചാൽ നിബന്ധനകൾക്കു വിധേയമായി (മാർജിനൽ വർധനയുടെ 20% മാനേജ്മെന്റ് സീറ്റ്) 10% സീറ്റ് വർധന അനുവദിക്കും. അടിസ്ഥാന സൗകര്യമുള്ള അൺഎയ്ഡഡ് സ്കൂളുകൾക്കും 10% വർധനയ്ക്ക് അർഹതയുണ്ട്. കൊല്ലം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ആവശ്യകത അനുസരിച്ച് എല്ലാ സർക്കാർ സ്കൂളുകൾക്കും അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് സ്കൂളുകൾക്കും അൺഎയ്ഡഡ് സ്കൂളുകൾക്കും 20% സീറ്റ് വർധന അനുവദിക്കും. 

വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലും കൽപറ്റ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് വീതം താൽക്കാലികമായി അനുവദിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാമമാത്രമായ വിദ്യാർഥികളുള്ള ബാച്ചുകൾ കണ്ടെത്തുകയാണെങ്കിൽ അവ ആവശ്യമുള്ള ജില്ലകളിലേക്കു മാറ്റും.

സീറ്റ് വർധനയിലൂടെ വിദ്യാർഥി പ്രവേശനം സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ മാത്രം ആവശ്യമുള്ള ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment