സ്‌കൂള്‍സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണ; ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കിയേക്കും

സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്. 

എത്രയുംവേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികള്‍ സ്‌കൂളുകളിലെത്താന്‍ തുടങ്ങിയെന്നും രക്ഷിതാക്കളുടെ ഭയം മാറിവരികയാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ ഉച്ച വരെയുള്ള ക്ലാസുകള്‍ ഇനി തുടരേണ്ടതില്ലെന്നും പഴയപടി ക്ലാസുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനും യോഗത്തില്‍ ധാരണയായി.

യോഗത്തിലെ തീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 

കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂള്‍ തുറന്നതിന് ശേഷം കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതും തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമായി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق