സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനം. ഈ മാസം 21 മുതൽ ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അടച്ചിടാൻ മേലധികാരികൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.