എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ് മാർക്കില്ലാതെയാണ് രണ്ട് പരീക്ഷകളുടേയും ഫലം തയ്യാറാകുന്നതെന്ന് സ്കൂൾവാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 2021-22 ലെ അധ്യയന വർഷം ആരംഭിച്ചത് നവംബർ ഒന്നിനായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ-കായിക- ശാസ്ത്ര മത്സരങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം 15നും ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം 20നുമാണ്. പ്രഖ്യാപിക്കാനിരിക്കുന്നത്. 2020വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുകയായിരുന്നു. 2020ൽ എസ്.എസ്.എൽ.സിക്ക് 1,13,638 പേർക്കും പ്ലസ്ടുവിന് 87,257 പേർക്കുമാണ് ഗ്രേസ് മാർക്കുണ്ടായിരുന്നത്. കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയിന്റ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് പുതിയ ഉത്തരവിൽ പരാമർശങ്ങളൊന്നുമില്ല.