വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് കണ്‍സഷന്‍ കാർഡ്: ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കാർഡ് അനുവദിക്കുന്നത് ഇങ്ങനെ

 വിദ്യാര്‍ത്ഥികളുടെ ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം.

പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ കാർഡുകളുപയോഗിച്ചാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാർഡുകൾ വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കൺസഷൻ കാർഡുകൾരൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. കാർഡിന്റെ മാതൃകയുടെ സിഡികൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ലഭിക്കും. 

കൺസഷൻ കാർഡുകൾ നിർമ്മിക്കുന്നതെങ്ങനെ?

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് ലഭ്യമായ സി.ഡിയിലെ സോഫ്റ്റ്‌വെയറിൽ വിദ്യാർഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങളും നൽകി പ്രിന്റ് എടുക്കുക. ഗവ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിവരങ്ങളും സ്ഥാപനത്തിന്റെ കത്തും സഹിതം അതത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി ജൂനിയർ ആർ.ടി.ഒയുടെ ഒപ്പും ആർ.ടി.ഒ ഓഫീസ് സീലും കാർഡുകളിൽ രേഖപ്പെടുത്തണം. 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിവരങ്ങളും സർവകലാശാലയുടെ സാക്ഷ്യപത്രവും മേധാവിയുടെ കത്തുംസഹിതം ആർ.ടി.ഒ ഓഫീസിലെത്തിയാൽ കൺസഷൻ കാർഡുകൾ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് കൺസഷൻ ലഭിക്കുക. നിലവിൽ ഒരു വർഷത്തിനാണ് കൺസഷൻ കാർഡുകൾ നൽകുന്നത്. കോഴ്സിന് അനുസരിച്ച് കാർഡുകൾ ഓരോ വർഷവും അതത് ഓഫീസുകളിൽ എത്തി പുതുക്കണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق