സംസ്ഥാനത്തെ സ്കൂളുകളുടെ ഐടി പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട നാല് പ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. മന്ത്രിനടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകളിലേക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂള്‍ സ്കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‍ടോപ്പുകള്‍
ഹൈടെക് സ്കൂള്‍ പദ്ധതി വഴി 16500 ലാപ്‍ടോപ്പുകള്‍
കിഫ്ബി ധനസഹായത്തോടെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളില്‍ 59532 ലാപ്‍ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്ക്രീനുകളും 4545 ടെലിവിഷനുകളും 4609 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളുമെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ 1 മുതല്‍ 7 വരെ ക്ലാസുകളില്‍ 2019-ല്‍ ആരംഭിച്ച ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായും 56244 ലാപ്‍ടോപ്പ്, 24381 പ്രൊജക്ടര്‍, 56240 സ്പീക്കര്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്. മൊത്തം 625 കോടി രൂപയാണ് ഈ രണ്ട് പദ്ധതികള്‍ക്കുമായി ഇതുവരെ കിഫ്ബിയിലൂടെ കൈറ്റ് ചെലവഴിച്ചിട്ടുള്ളത്. കിഫ്ബിക്കു പുറമെ ക്ലാസ്‍മുറികളില്‍ ഹൈടെക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തില്‍ സ്വരൂപിക്കപ്പെട്ട 135.50 കോടി കൂടി ചേര്‍ത്താല്‍ ഈ പദ്ധതിക്ക് ചെലവായ തുക 760 കോടി രൂപയാണ്. ഇപ്രകാരം 4.4 ലക്ഷം ഉപകരണങ്ങള്‍ അഞ്ചു വര്‍ഷ വാറണ്ടിയോടെ നമ്മുടെ സ്കൂളുകളിലുണ്ട്. രണ്ടു ലക്ഷം കമ്പ്യൂട്ടറുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ലാഭിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ 16500 ലാപ്‍ടോപ്പുകള്‍ കൂടി അഞ്ചു വര്‍ഷ വാറണ്ടിയോടെ നല്‍കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ മുഴുവന്‍ കൈറ്റ് പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചു. Intel Core i3, 11th Generation ലാപ്‍ടോപ്പിന് 33,529/- രൂപയാണ് (18% നികുതിയുള്‍പ്പെടെ) ലഭിച്ചത്. ഇതിന്റെ 60% ടെണ്ടറില്‍ L1 ആയ Acer ബ്രാന്‍ഡും 40% L2 ആയ ITI Palakkad ഉം ആണ് സപ്ലൈ ചെയ്യുന്നത്. ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുന്ന ഐടി പ്രായോഗിക പരീക്ഷകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഇവയുടെ വിതരണം പൂര്‍ത്തിയാകും. ഈ 16500 ലാപ്ടോപ്പുകള്‍ക്ക് മാത്രമായി 55.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.
വിദ്യാകിരണം പുതിയ ടെണ്ടര്‍ വഴി 2360 ലാപ്‍ടോപ്പുകള്‍
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൈറ്റിന് ലഭിച്ച 1.05 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 2.99 കോടി രൂപയും പ്രയോജനപ്പെടുത്തി (ആകെ 4.04 കോടി രൂപ) മൂന്നു വര്‍ഷ വാറണ്ടിയുള്ള 2360 Celeron ലാപ്‍ടോപ്പുകളുടെ വിതരണം ഈ ആഴ്ച പൂര്‍ത്തിയായി.
പുനഃക്രമീകരണം വഴി 17506 ലാപ്‍ടോപ്പുകള്‍
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 2021-ല്‍ സ്കൂളുകളുടെ ഉടമസ്ഥതയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത 45313 ലാപ്‍ടോപ്പുകളില്‍ ആവശ്യമുള്ളവ അതത് സ്കൂളുകളില്‍ നിലനിര്‍ത്തിയതിന് ശേഷം 17506 ലാപ്‍ടോപ്പുകള്‍ മറ്റു സ്കൂളുകളുടെ
ലാബുള്‍പ്പെടെയുള്ള ഉപയോഗത്തിന് പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം 4746 ലാപ്‍ടോപ്പുകള്‍ സ്കൂളുകള്‍ക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസറഗോഡ് (1941) ജില്ലകള്‍ക്കാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ലാപ്‍ടോപ്പുകള്‍ സ്കൂളുകള്‍ക്കായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‍ടോപ്പുകള്‍ അനുവദിക്കുന്നത് ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ മുഴുവന്‍ കുട്ടികള്‍ക്കും ഉള്ളതിനാല്‍ ഹൈസ്കൂള്‍ ലാബുകളിലാണ് പെട്ടെന്നുള്ള ഉപയോഗം കൂടുതല്‍ എങ്കിലും സ്കൂളുകളിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ലാബുകള്‍ പങ്കിടുകയോ അല്ലെങ്കില്‍ ലാപ്‍ടോപ്പുകള്‍ പങ്കിട്ട് ഉപയോഗിക്കുകയോ ചെയ്യണമെന്ന സര്‍ക്കുലറും കൈറ്റ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്തും.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍.
ഇപ്പോള്‍ ലക്ഷക്കണക്കിന് ഉപകരണങ്ങള്‍ക്ക് ഒരേ സമയം AMC ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണ്. ഇതിന്റെ ഭാഗമായി വിന്യസിച്ച ഉപകരണങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ തുടര്‍പിന്തുണ നല്‍കുന്നതും പുതിയ ഉപകരണങ്ങള്‍ നല്‍കുന്നതും സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന് ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ്. പാഠ്യപദ്ധതി പരിഷ്കരണ രേഖകളില്‍ ഇക്കാര്യങ്ങള്‍ ഊന്നിപ്പറയുന്നുമുണ്ട്. അധ്യാപകര്‍ക്ക് തുടര്‍ച്ചയായ ഐടി പരിശീലനങ്ങള്‍ നല്‍കലും ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കലും സ്കൂള്‍ അഡ്‍മിനിസ്ട്രേഷന്‍ ഫലപ്രദമാക്കലും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ നല്‍കലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.