കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കലാപരവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ 2023 നവംബർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ വെച്ചു നടക്കും.
ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദർശനവും വിൽപനയുമാണ് വൊക്കേഷണൽ എക്സ്പോ. എഞ്ചിനീയറിംഗ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ & ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ അമ്പതോളം സ്റ്റാളുകൾ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കും.
വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ക്രിയാത്മകശേഷി പോഷിപ്പിച്ചുകൊണ്ട് സ്വയം പര്യാപ്തതയിലൂടെ ദേശീയ വികസനത്തിൽ പങ്കാളികളാകുന്നതിന് വേണ്ടിയുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായ വിജ്ഞാന നൈപുണ്യ പ്രദർശന വിൽപന മേളയായ വൊക്കേഷണൽ എക്സ്പോ മേളയിലെ മുഖ്യ ആകർണമാകും.
പ്രവൃത്തിപരിചയ മേള സെന്റ് മേരീസ് HSS, ശാസ്ത്രമേള LFCGHS, സാമൂഹ്യശാസ്ത്ര മേള നാഷണൽ HSS, ഗണിത ശാസ്ത്രമേള ഡോൺ ബോസ്കോ HSS എന്നിവയാണ് മറ്റു വേദികൾ