തൃശ്ശൂർ റവന്യൂജില്ലാ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്‌പോയും ഏഴ്, എട്ട് തീയതികളിലായി ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിൽ നടക്കും.
പ്രവൃത്തി പരിചയമേള സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്സിലും ഗണിതശാത്രമേള ഡോൺബോസ്കോ എച്ച്.എസ്.എസ്സിലും ശാസ്ത്രമേള ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലും സാമൂഹികശാസ്ത്രമേള നാഷണൽ എച്ച്.എസ്.എസിലും ഐ.ടി. മേള എൽ.എഫ്.സി.എച്ച്.എസിലുമാണ് നടക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.
ഏഴിന് രാവിലെ 9.30-ന് ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങ് ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ സുജാ സഞ്ജീവ്കുമാർ അധ്യക്ഷയായിരിക്കും. തൃശ്ശൂർ- ഇടുക്കി ജില്ലകളിലെ വി.എച്ച്.എസ്.സി. സ്കൂൾ വിദ്യാർഥികൾ നിർമിക്കുന്ന ഉത്‌പന്നങ്ങളുടെ പ്രദർശന വിൽപ്പനശാല ഗവ. മോഡൽ ബോയ്‌സ് ഹൈസ്കൂളിൽ നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്‌സൻ സുജാ സഞ്ജീവ്കുമാർ, ഡി.ഡി. ഷാജിമോൻ ഡി., വി.എച്ച്.എസ്.സി. റീജണൽ ഡയറക്ടർ പി. നവീന, പബ്ലിസിറ്റി കൺവീനർ പി.വി. ജോൺസൺ, ജോയിന്റ് കൺവീനർ സൈമൺ ജോസ് എന്നിവർ അറിയിച്ചു