വാട്ടർബെൽ തുടങ്ങി: ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് തുടക്കമായി. പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

 ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 

കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണം.ഈ നിർദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റിജിയണൽ ഡപ്യുട്ടി ഡയറക്ടർമാർ (ഹയർസെക്കണ്ടറി വിഭാഗം), അസിസ്റ്റന്റ്റ് ഡയറക്ടർമാർ (വി.എച്ച്.എസ്.ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദേശം നൽകേണ്ടതാണെന്ന സർക്കുലർ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഈ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment