കോഴ്സുകളുടെ അംഗീകാരങ്ങളെ കുറിച്ച് തന്നെ ......

😲😲വല്ലാത്തൊരു പുലിവാലായിപ്പോയി സർ, 
ഞാൻ പഠിച്ചത് ബിഹാറിൽ നിന്ന്. പഠിച്ചതായ  കോഴ്സിന് കേരളത്തിൽ അംഗീകാരമില്ല എന്ന് പലരും പറയുന്നു. സാറൊന്ന് സഹായിക്കുമോ??

😲😲 സർ , സംസ്ഥാനത്തിന് പുറത്തെ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ ഒരു കേന്ദ്രം നടത്തുന്ന പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞതാണ് ഞാൻ. കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലിക്ക് അത് യോഗ്യതയല്ലെന്നും കേരള ആരോഗ്യ സർവകലാശാല അത് അംഗീകരിച്ചിട്ടില്ലെന്നും തുല്യത കൊടുക്കുന്നില്ലെന്നും കേരളത്തിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കിട്ടില്ലെന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഡിഗ്രി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു. സാറൊന്ന് സഹായിക്കുമോ?

ഇന്ന് അതിരാവിലെ രണ്ട് കുട്ടികൾ വിളിച്ച് ചോദിച്ചതാണ്.

കോഴ്സുകളുടെ അംഗീകാരത്തെ കുറിച്ച്, അവ പഠിച്ചിറങ്ങിയാൽ അതിന് തുല്യത കിട്ടുന്നതിനെ കുറിച്ച് പലർക്കും അറിവില്ല. അല്ലെങ്കിൽ തന്നെ നൂറായിരമാണ് സംശയങ്ങൾ.
നമുക്കിക്കാര്യമൊന്ന് വിശദമായി മനസിലാക്കി വെക്കാം

പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം?

കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ചിട്ടുണ്ട്. 
ഈ അംഗീകാരം കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ ബിരുദങ്ങള്‍ക്കും നല്‍കുന്നുണ്ട്. ശ്രീ നാരായണ ഗുരു ഓപ്പൻ യൂണിവേഴ്സിറ്റി കോഴ്സിനുമുണ്ട്. എന്നാല്‍, ബിരുദ പഠനം റെഗുലറോ പ്രൈവറ്റ് പഠനരീതിയിലോ ആയി നടക്കുന്ന ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകൾക്ക് ഇത്തരത്തിൽ അംഗീകാരം എല്ലാ സര്‍വകലാശാലകളും നല്‍കുന്നില്ല. 

ഓപണ്‍ ഡിഗ്രി എന്നതു കൊണ്ടുദ്ദേശിക്കുന്നത് 12ാം ക്ളാസിനു തുല്യമായ പഠനം നടത്താതെ ഡിഗ്രി ക്ളാസുകളിലേക്ക് നിശ്ചിത പ്രായം പൂര്‍ത്തിയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് 12ാം ക്ളാസ് വിജയിക്കാന്‍ കഴിയാത്തതിൻ്റെ അഭാവത്തില്‍ ചില ഫൗണ്ടേഷന്‍ അഥവാ ബ്രിഡ്ജ് കോഴ്സുകള്‍ പഠിപ്പിച്ച് ബിരുദം നല്‍കുന്ന രീതിയാണ്.
 കാലിക്കറ്റ് സര്‍വകലാശാലയിൽ ഇത്തരം ബിരുദങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴില്ല.
 ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസം നടത്തുന്ന മിക്ക സര്‍വകലാശാലകളും ഇത്തരം ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. ചേരുന്നതിന് മുമ്പ് കോഴ്സിൻ്റെ സാധുതകളെ നന്നായിട്ട് പഠിച്ചിരിക്കണം. കോഴ്സിന് ചേരാനായി നമ്മൾ സമീപിക്കുന്ന ഏജൻ്റിൻ്റെ / ഏജൻസിയുടെ പഞ്ചാര വാക്കുകളിൽ മയങ്ങി വീണു പോയാൽ നഷ്ടം നിങ്ങൾക്ക് മാത്രമാകും.

കേരളത്തിനു പുറത്ത്, പക്ഷേ ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍, ദേശീയ പ്രാധാന്യമുള്ള ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര ഗവേഷണ പ്രോഗ്രാമുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന എല്ലാ റെഗുലര്‍ ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പൊതുവെ ഉപരിപഠനത്തിനും തൊഴിലിനുമായി അംഗീകരിച്ചിട്ടുണ്ട്.

മുകളില്‍ സൂചിപ്പിച്ച സര്‍വകലാശാലകളും മറ്റു ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) അല്ലെങ്കില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകളോ സ്ഥാപനങ്ങളോ ആയിരിക്കണം.

ഈ സര്‍വകലാശാലകളും മറ്റു ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും റെഗുലറായി നടത്തി അവാര്‍ഡ് ചെയ്യുന്ന ബിരുദങ്ങള്‍ക്കും ബിരുദാനന്തര ഗവേഷണ ബിരുദങ്ങള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യത നല്‍കാന്‍ അതേ പേരില്‍തന്നെ (അതേ വിഷയത്തില്‍ മാത്രമായാല്‍ പോരാ)  ഒരു പ്രോഗ്രാം തുല്യത നല്‍കുന്ന സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുകയും വേണം. അല്ലാത്തപക്ഷം അതതു സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സില്‍ തുല്യത നല്‍കണം ഇതാണ് പുലർത്തി പോരുന്ന ചട്ടങ്ങൾ.

ഇതു കൂടാതെ യു.ജി.സിയുടെ DEB അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന ബിരുദ ബിരുദാനന്തര ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെല്ലാം ഒരേ ഒരു ഉത്തരവിലൂടെ കേരളത്തിലെ സര്‍വകലാശാലകളും അംഗീകരിക്കുകയോ തുല്യത നല്‍കുകയോ ചെയ്തിട്ടില്ല. 
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥി താന്‍ പഠിച്ച് ജയിച്ച് ലഭിച്ച ബിരുദം കേരളത്തിലെ ഏതു സര്‍വകലാശാലയിലാണോ അംഗീകാരം ലഭിക്കേണ്ടത് ആ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലില്‍ അംഗീകരിച്ചു വാങ്ങണം.
 
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല ബിരുദ വിദ്യാഭ്യാസം വഴി നടത്തുന്ന അത്തരം ബിരുദം അംഗീകരിച്ചിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ അംഗീകരിക്കില്ല എന്നറിയുക. കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകരിച്ച പുറത്തുള്ള ഡിഗ്രി കേരള യൂണിവേഴ്സിറ്റി അംഗീകരിച്ചിരിക്കണമെന്നില്ല.

 കേരള പബ്ളിക് സര്‍വിസ് കമീഷന്‍ ബിരുദം യോഗ്യതയായി ഏതെങ്കിലുമൊക്കെ ജോലികള്‍ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ബിരുദ വിദ്യാഭ്യാസം വഴി കേരളത്തിന് പുറത്ത് നിന്ന് നേടിയിട്ടുള്ള സര്‍വകലാശാല ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥിയുടെ ബിരുദം കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല അംഗീകരിച്ച് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.

ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിച്ച് ബിരുദ- ബിരുദാനന്തര ഗവേഷണ ഡിഗ്രികള്‍ ലഭിച്ച കുട്ടികള്‍ കേരളത്തില്‍ തിരിച്ചെത്തി ഉപരിപഠനത്തിനും തൊഴിലിനും ശ്രമിക്കുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നും അവയെ അംഗീകരിച്ച് തുല്യത നല്‍കിയതിൻ്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് ആദ്യം AlU വിൽ നിന്ന് തുല്യതക്ക് അപേക്ഷിച്ച് സർട്ടിഫിക്കറ്റ് നേടണം.
വിദേശ രാജ്യങ്ങളിലെ ഡിഗ്രികള്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഒറ്റ ഉത്തരവിലൂടെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. AlU അംഗീകരിച്ച കോഴ്സുകൾ വെച്ച് കേരളത്തിലും പഠനത്തിന് ശ്രമിക്കാം.

മുകളില്‍ സൂചിപ്പിച്ച സാഹചര്യങ്ങളിലൊക്കെ കോഴ്സുകളും, അവയുടെ ബിരുദങ്ങളും അംഗീകരിച്ചു തുല്യത ലഭിക്കണം എന്നാണ്  സൂചിപ്പിച്ചു വരുന്നത്.

 💧കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം കോഴ്സുകളും ഡിഗ്രികളും അംഗീകരിക്കാന്‍ പിന്തുടരുന്ന രീതികളെന്തെന്ന് പരിശോധിക്കാം:

▪പഠിച്ച കോഴ്സുകളുടെ അംഗീകാരം കിട്ടാൻ

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല അംഗീകാരം നല്‍കാത്ത ഒരു കോഴ്സ് അംഗീകരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രസ്തുത സര്‍വകലാശാല മറ്റു കോഴ്സുകള്‍ അംഗീകരിക്കാനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നിശ്ചിതമായ ഫീസ് സര്‍വകലാശാലയുടെ അക്കൗണ്ടില്‍ അടച്ച് താഴെപ്പറയുന്ന രേഖകളുടെ രണ്ട് പകര്‍പ്പുകള്‍ വീതം സമര്‍പ്പിക്കുക. ഓൺലൈനായി അപേക്ഷിക്കാനുള്ള പോർട്ടൽ എല്ലാ യൂണിവേഴ്സിറ്റിയിലുമുണ്ട്.

▫അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന ഡിഗ്രിയുടെ സ്കീം, സിലബസ്, ഡിഗ്രി അവാര്‍ഡ് ചെയ്ത സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷനോ അല്ലെങ്കില്‍ അതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്. 
ഈ പകര്‍പ്പില്‍ പറയുന്ന സിലബസും സ്കീമും കുട്ടിയുടെ കൈവശമുള്ള ഡിഗ്രി പഠിച്ചപ്പോള്‍ നിലവിലുണ്ടായിരുന്നതാണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടാവണം.
 ഇങ്ങനെ ലഭിക്കുന്ന സിലബസിൻ്റെയും സ്കീമിൻ്റെയും ഒരു പകര്‍പ്പുകൂടി എടുത്ത് ഒരു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം (മൊത്തം രണ്ട് സെറ്റ്). 

▫അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന ഡിഗ്രിയുടെ മാര്‍ക്ക്ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ രണ്ടു പകര്‍പ്പുകള്‍ വീതം ഒരു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 

▫പിഎച്ച്.ഡി ഡിഗ്രികളാണെങ്കില്‍ തിസീസിൻ്റെ ഒറിജിനലും, അതിൻ്റെ ഒരു പകര്‍പ്പും അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതു കൂടാതെ ഗവേഷകന്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം എന്നീ രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്ന് വകുപ്പു തലവന്‍ നല്‍കുന്ന സത്യവാങ്മൂലം കൂടി നല്‍കണം. 

▫വിദേശ സര്‍വകലാശാലയില്‍ നിന്നുള്ള ഡിഗ്രിയാണ് തുല്യത ലഭിക്കേണ്ടതെങ്കില്‍ മുകളില്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കറ്റും  പകര്‍പ്പും കൂടാതെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് ഈ ബിരുദം ഇന്ത്യയിലെ സര്‍വകലാശാല ബിരുദങ്ങള്‍ക്കു തുല്യമായി അംഗീകരിക്കാം എന്നു പറയുന്ന സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. കൂടാതെ കോഴ്സ് നടത്തിയ സ്ഥാപനത്തിൻ്റെ അംഗീകാരം സംബന്ധിച്ച് ആ രാജ്യത്തെ ഇന്ത്യന്‍ എംബസി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൂടി നല്‍കണം.

▫ഇത്തരത്തില്‍ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പ്രസ്തുത വിഷയങ്ങളുടെ കേരളത്തിലെ സര്‍വകലാശാലകളിലെ ‘ബോര്‍ഡ് ഓഫ് സ്റ്റഡീസും’, ‘ഡീനും’ പരിശോധിച്ച് അവരുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തില്‍ അതത് സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലാണ് അംഗീകാരവും തുല്യതയും നല്‍കുന്നത്. 

ഇത്തരം അംഗീകാരവും തുല്യതയും ചോദിക്കുന്നത് സര്‍വകലാശാലയുടെ ഏതു കോഴ്സിനാണെന്നു പ്രത്യേകം അപേക്ഷയില്‍ പറഞ്ഞിട്ടുണ്ടാകണം.

 മറ്റൊരു കാര്യം, അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന കോഴ്സിൻ്റെ ഉള്ളടക്കം 60 ശതമാനമെങ്കിലും അംഗീകാരത്തിനായി അപേക്ഷിക്കുന്ന സര്‍വകലാശാലയുടെ കോഴ്സുമായി തുല്യതയുണ്ടാകണം.
 അപേക്ഷ പൂര്‍ണമായി സമര്‍പ്പിച്ചു എന്ന് വിചാരിച്ച് രണ്ട് അംഗീകാരവും തുല്യതയും സര്‍വകലാശാലകള്‍ നല്‍കണമെന്നില്ല എന്ന യാഥാർത്ഥ്യവും നമ്മളറിയുക.

(കണ്ടിഷനുകൾ അപേക്ഷിക്കുന്ന യൂണിവേഴ്സിറ്റി സൈറ്റിൽ പോയി വായിച്ച് ബോധ്യപ്പെടണം)

✳പ്രധാന കാര്യം:

കോഴ്സുകൾക്ക് ചേർന്ന് കഴിഞ്ഞ് അതിൻ്റെ അംഗീകാരങ്ങളെ കുറിച്ച് ചിന്തിക്കാതെ ചേരുന്നതിന് മുന്നേ അംഗീകാരത്തെക്കുറിച്ച് പഠിക്കയും  മനസ്സിലാക്കയും വേണം,
വിവിധങ്ങളായ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നതിനു ഇന്ത്യയിൽ വ്യത്യസ്തങ്ങളായ ഏജന്‍സികളുണ്ടെ ന്നതാണ് സത്യം.
 നിയമാനുസൃതമായ ഏജന്‍സിയുടെ അംഗീകാരം സ്ഥാപനത്തിനുണ്ടോയെന്ന് ചേരുന്നയാൾ ഉറപ്പു വരുത്തണം. അതു കൂടാതെ തിരഞ്ഞെടുക്കുന്ന കോഴ്‌സ് നടത്താനുള്ള അനുമതി ആ സ്ഥാപനത്തിനുണ്ടോ എന്നും അന്വേഷിക്കണം. കേരളത്തിന് പുറത്തെ ഏതൊക്കെ സ്ഥാപനങ്ങൾക്ക് കേരളത്തിന് അകത്ത് കോഴ്സ് നടത്താം എന്നറിയാൻ UGC സൈറ്റിൽ പോയി അത്തരം സർവകലാശാലകളുടെ അധികാര പരിധിയെ അറിഞ്ഞിരിക്കുക. കേരളത്തിലെ കാലിക്കറ്റ് വാഴ്സിറ്റിയിലെ കോഴ്സുകൾ കേരള വാഴ്സിറ്റിയുടെ അധികാര പരിധിയിൽ നടത്താൻ അനുവാദമില്ല എന്നറിയുക.

▪ചില കോഴ്‌സുകള്‍ക്കുള്ള അംഗീകാരം ചിലപ്പോള്‍ നിശ്ചിത കാലയളവിലേക്കു മാത്രമായിരിക്കും. അതുപോലെ തന്നെ, ഒരു കോഴ്‌സിനു പ്രവേശനം അനുവദിക്കാവുന്ന സീറ്റുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിരിക്കും (ബിഎഡ് പോലുള്ള കോഴ്സുകളിൽ ഇത്തരം ജാഗ്രത വേണം, NCTE സൈറ്റിൽ ഓരോ സ്ഥാപനത്തിനും ഓരോ കോഴ്സിൽ എത്ര പേരെ ചേർക്കാം എന്ന് വ്യക്തമായി പറയുന്നുണ്ട്). 

കൂടാതെ പാര്‍ട്ട് ടൈം-ഫുള്‍ടൈം കോഴ്‌സുകള്‍ക്ക് പ്രത്യേകം പ്രത്യേകം അംഗീകാരം സ്ഥാപനങ്ങൾ ഓരോ സ്ഥാപനവും നേടിയിരിക്കണം. കോഴ്‌സും കോളേജും മാത്രമല്ല ഡിഗ്രി സമ്മാനിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ അംഗീകാരവും പ്രസക്തമാണ്. NAAC അക്രഡിറ്റേഷനും, NIRF റാങ്കിങ് നിലവാരവും ആണ് പ്രധാനം.

🩸 ഇനി നമുക്ക് കോഴ്‌സുകളുടെ അംഗീകാരം നൽകുന്ന ഇന്ത്യയിലുള്ള ഏജന്‍സികളെ അറിയാം.

▫ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവും പ്രവര്‍ത്തനവുമൊക്കെ നിയന്ത്രിക്കുന്നത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്.(UGC).
 രാജ്യത്തെ അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങള്‍ യൂജിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
മാത്രവുമല്ല, വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങളും ഇതില്‍ നിന്നറിയാം. വെബ്‌വിലാസം: www.ugc.ac.in

▫എഞ്ചിനീയറിംഗ്, എം.ബി.എ. എം.സി.എ. ഫാര്‍മസി, ഹോട്ടല്‍ മാനേജ്‌മെന്റ്, BBA, BCA എന്നീ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‌കേണ്ട ഏജന്‍സി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനാണ്. വെബ്‌സൈറ്റ് : www.aicte-india.org.

▫മെഡിക്കല്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരമുണ്ടോയെന്ന വിവരം നാഷണൽ മെഡിക്കല്‍ കമ്മീഷന്റെ വെബ് സൈറ്റായ www.nmc.org.in ല്‍ നിന്നറിയാം.

▫BDS തുടങ്ങിയ ദന്ത കോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലാണ്. വെബ്‌സൈറ്റ്: https://dciindia.gov.in/

▪ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരം നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയില്‍ നിക്ഷിപ്തമാണ്.  www.cchindia.com

ആയുര്‍വ്വേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ രീതികളുടെ നിലവാരവും കോഴ്‌സുകളുടെ അംഗീകാരവും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ കീഴിലാണ്. (വെബ്‌സൈറ്റ്: www.cciindia.org)

മേൽ പറഞ്ഞ 2 കൗൺസിലിനെയും ആയുഷ് മന്ത്രാലയത്തിന് കീഴിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
www.ayush.gov.in
 
▫ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്കുന്നത് കൗണ്‍സല്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആണ്. 
വെബ്‌സൈറ്റ്: www.coa.gov.in

▫നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‌കേണ്ടത് നഴ്‌സിംഗ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ഇതു കൂടാതെ, 
അതാതു സംസ്ഥാനത്തെ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരവും ആവശ്യമാണ്.
 www.indiannursingcouncil.org 
എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാവുന്നില്ലെങ്കിൽ അവിടെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളുടെ നഴ്സിങ് കൗൺസിൽ വെബ്സൈറ്റുകൾ സന്ദർശിച്ച് അംഗീകാരങ്ങൾ അറിയാവുന്നതാണ്.

▫ഫാര്‍മസി സംബന്ധമായ കോഴ്‌സുകള്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും അതാത് സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെയും അംഗീകാരവും ആവശ്യമുണ്ട് (വെബ് വിലാസം: www.pci.nic.in).

▫പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോ എന്നറിയാന്‍ ഇന്ത്യന്‍ പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.paramedicalcouncilofindia.org സന്ദര്‍ശിച്ചാല്‍ മതിയാകും. 
കൂടാതെ സംസ്ഥാന കൗൺസിൽ സൈറ്റുകളും കാണണം. അലൈഡ് ഹെൽത്ത് വിഭാഗത്തിനായി പ്രത്യേകമായ നിയമം വന്നിട്ടുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള ചട്ടങ്ങൾ പല സംസ്ഥാനത്തും ശൈശവ ദശയിലാണ്. 

 ▫റീഹാബിലിറ്റേഷന്‍, സ്‌പെഷ്യല്‍ എഡ്യൂക്കഷേന്‍ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് (വെബ്‌സൈറ്റ്: www.rehabcouncil.nic.in)

▫അഗ്രികള്‍ച്ചറല്‍, ഫിഷറീസ്, വെറ്റിനറി, ഫോറസ്ട്രി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആണ് അംഗീകാരം നല്‌കേണ്ടത്. (www.icar.og.in)

▫ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സുകള്‍ക്ക് രാജ്യാന്തര ഏജന്‍സിയായ അയാട്ടയുടെ അംഗീകാരം പ്രാധാന്യമുള്ളതാണ് www.iata.org

▫ വ്യോമയാന വ്യവസായവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമാണാവശ്യം. വെബ്: www.dgca.gov.in

 ▫മറൈന്‍ കോഴ്‌സുകള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം വേണം. വെബ്‌സൈറ്റ് : www.dgshipping.gov.in

▫അധ്യാപനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോ എന്നറിയാന്‍ www.ncte.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
 നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ സൈറ്റാണിത് 

▫ ഇന്ത്യയിലെ ഓൺലൈൻ /വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകളുടെ നിയന്ത്രണം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്. വിശദവിവരങ്ങള്‍ www.ugc.ac.in/deb എന്ന വിലാസത്തില്‍ ലഭിക്കും. ഓരോ സ്ഥാപനങ്ങൾക്കും ഏതേത് കോഴ്സിനാണ് അംഗീകാരവും അനുമതിയുമുള്ളത് എന്ന് ആ സൈറ്റിലൂടെ അറിയാനാവും.

ചുരുക്കത്തിൽ പറഞ്ഞാൽ മുറിവൈദ്യൻമാരായ കരിയർ കച്ചവട കൺസൾട്ടൻ്റുമാരുടെ/ഏജൻ്റുമാരുടെ/ ഏജൻസികളുടെ വലയിൽ പെട്ട് അംഗീകാരമില്ലാത്ത കോഴ്സിന് ചേർന്ന് നട്ടം തിരിയാതെ സ്വന്തം വിവേകബുദ്ധി ഉപയോഗിച്ചും, സത്യസന്ധമായ രീതിയിൽ പതിനായിരങ്ങൾക്ക് മാർഗ്ഗ നിർദ്ദേശനം നൽകുന്ന സിജി (www.cigi.org) പോലുള്ള എൻജിഒകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയും നിങ്ങളുടെ കരിയർ ഭാവിയെ സുരക്ഷിതമാക്കണം എന്നാണ് ഓരോരുത്തരെയും ഉണർത്താനുള്ളത്.

✍മുജീബുല്ല KM

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق